വടകര: കെ.കെ.ശൈലജ വിജയിക്കുക തന്നെ വേണമെന്നു പ്രശസ്ത സാഹിത്യകാരന് എം.മുകുന്ദന്. അവരെ പോലുള്ള മഹത് വ്യക്തികള്‍ പരാജയപ്പെട്ടാല്‍ ലോകത്തിന് മുന്നില്‍ നമുക്ക് നാണക്കേടാവുമെന്നും നാം അതിന് ലോകത്തോട് മറുപടി പറയേണ്ടി വരുമെന്നും എം.മുകുന്ദന് പറഞ്ഞു.
വടകരയില്‍ സെക്കുലര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
”ശൈലജ ടീച്ചറെ ഞാന്‍ വൈകിയാണ് പരിചയപ്പെട്ടത്. പാബ്ലോ നെരൂദയെക്കുറിച്ചു നടത്തിയ ഒരു പ്രസംഗവും കവിത ചൊല്ലുന്നതും ഞാന്‍ കേട്ടിരുന്നു. സാഹിത്യത്തിലൂടെ രാഷ്ട്രീയവും രാഷ്ടീയത്തിലൂടെ സാഹിത്യവും വളരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടെയാണ്. ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന വ്യക്തിയാണ് കെ.കെ.ശൈലജ. ഡല്‍ഹിയില്‍ പോലും കോവിഡ്കാലത്ത് പരിമിതമായ ചികിത്സകൊണ്ട് ശ്വാസവായു കിട്ടാതെ ആളുകള്‍ മരിച്ചു. എന്നാല്‍ കേരളത്തില്‍ ഒരിടത്തും ഓക്സിജന്‍ കിട്ടാതെ ഒരാളും മരിച്ചിട്ടില്ല എന്നത് ഒര് ചെറിയ കാര്യമല്ല. അമേരിക്കയില്‍ എത്ര പേര് ചികിത്സ കിട്ടാതെ മരിച്ചു. നിപ ബാധിച്ച പേരാമ്പ്രയില്‍ ആരോഗ്യ മന്ത്രിയായപ്പോള്‍ അവിടെ പോയത് മാനവികമായ ഒരു സംഗതിയാണ്”-എം.മുകുന്ദന് പറഞ്ഞു.
സൗദി അറേബ്യയില്‍ പോലും മത രാഷ്ട്രം എന്ന സങ്കല്പം മാഞ്ഞു പോകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടുത്തെ വാതിലുകള്‍ ജനാധിപത്യത്തിനായി തുറന്ന് കൊടുക്കുന്നത് നാം കാണുന്നു. എന്നാല്‍ നമ്മുടെ രാജ്യം മത രാഷ്ട്രമാക്കാനുള്ള ഗൂഢമായ പരിശ്രമത്തിലാണ്. രാജ്യത്തെ പിറകോട്ട് കൊണ്ടു പോകാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇഡിയെക്കൊണ്ട് ഇടിപ്പിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ചെറിയ ചെറിയ പ്രതിരോധത്തിന്റെ തുരുത്തുകള്‍ തീര്‍ത്ത് നമുക്ക് വിജയിക്കാനാവണം. ചെറുതിന്റെ കരുത്ത് വിയറ്റ്നാം യുദ്ധത്തിലൂടെ നാം കണ്ടതാണ്. ചെറുതിന് മൂല്യബോധവും കൂടുതലാണ്.” എം.മുകുന്ദന് പറഞ്ഞു.
വര്‍ഗീയതക്കെതിരെ മനുഷ്യ പക്ഷത്ത് എന്ന മുദ്രാവാക്യമുയര്‍ത്തി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സെക്കുലര്‍ സംഗമത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കെ.ടി.കുഞ്ഞിക്കണ്ണന് അധ്യക്ഷനായി. കെ.പി.രാമനുണ്ണി, ഐസക് ഈപ്പന്, ജാനമ്മ കുഞ്ഞുണ്ണി, ടി.രാജന്, പി.ഹരീന്ദ്രനാഥ്, രാധ കൃഷ്ണന് എടച്ചേരി, ലിസി മുരളീധരന്, വില്‍സന്റ് സാമുവല്‍, ഉഷ ചന്ദ്രബാബു, യു ഹേമന്ദ് കുമാര്‍, അപര്‍ണ ചിത്രം, വി കെ ജോബിഷ്, സജീവന് മൊകേരി, ജോളി എം.സുധന്, നാണു പാട്ടുപുര, വി കെ പ്രഭാകരന്, എ കെ അബ്ദുള്‍ ഹക്കീം, ഗോപിനാഥ് മേമുണ്ട, താജുദ്ദീന് വടകര, രാംദാസ് വടകര, പി പി കുഞ്ഞിരാമന്, ഹരീഷ് പഞ്ചമി, ഗോപീനാരായണന്‍, അനില്‍ ആയഞ്ചേരി എന്നിവര്‍ സംസാരിച്ചു. ആര്.ബാലറാം സ്വാഗതം പറഞ്ഞു.