ഓര്‍ക്കാട്ടേരി: ലഹരിമരുന്നു കുത്തിവെച്ച് കുന്നുമ്മക്കരയില്‍ രണ്ട് യുവാക്കള്‍ ദാരുണമായി മരണപ്പെട്ടത് അങ്ങേയറ്റം ദുഃഖകരവും ഭീതിജനകവുമാണെന്നും പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു ആവശ്യപ്പെട്ടു. അടുത്ത കാലത്താണ് ഏറാമല ആദിയൂരില് രണ്ട് യുവാക്കള്‍ ലഹരിമരുന്നു
കുത്തിവെച്ച് മരണപ്പെട്ടത്. ബംഗളൂരു ഉള്‍പ്പെടെ അന്യനാടുകളില്‍ നിന്നു വ്യാപകമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരിക്കടത്തു സംഘങ്ങളുടെ ഭാഗമാവുകയാണ്. ചില കേന്ദ്രങ്ങളില്‍ നിന്ന് ഏതാനും പേരെ പോലീസ് പിടികൂടിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. വലിയവിഭാഗം യുവാക്കള്‍ മയക്കുമരുന്നു മാഫിയയുടെ ഭാഗമാകുകയും ലഹരിക്ക് അടിമപ്പെടുകയും ചെയ്യുകയാണ്. ഇതിനെതിരെ ഭരണകൂടം ജാഗ്രത പാലിക്കണമെന്നും പോലീസ് നിഷ്ക്രിയത്വം വെടിയണമെന്നും എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.