വടകര: സമസ്ത മേഖലകളിലും ഹിന്ദുത്വ ഫാസിസം കടന്നു കയറുമ്പോള്‍ കേവലം തെരഞ്ഞെടുപ്പ് വിജയം കൊണ്ടു മാത്രം അതിനെ നേരിടാനാവില്ലെന്ന് ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്.രാജഗോപാല്‍. വടകരയില്‍ ഐ.വി ബാബു അനുസ്മരണത്തില്‍ ‘മോഡിഫൈഡ് ഇന്ത്യയിലെ ജനാധിപത്യം, മാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസം എന്നത് സമ്പത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ മേഖലയിലും കടന്നു കയറുന്ന ബൃഹത്തായ പദ്ധതിയാണ്. ഇതിനെ എതിര്‍ക്കാന്‍ കൃത്യമായ പദ്ധതി വേണം. ഒരു പക്ഷേ ഇന്ന് രാഹുല്‍ ഗാന്ധി ചെയ്തു കൊണ്ടിരിക്കുന്നത് ആ ഒരു വഴിയാണ്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് ഒപ്പം ആ ആശയത്തിന് താങ്ങായി ആരുമില്ലെന്നതാണ് സത്യം.
കെ.കെ രമ എം.എല്‍.എ അധ്യക്ഷയായി. പ്രമുഖ പ്രഭാഷക ജ്യോതി രാധിക വിജയകുമാര്‍, ഡോ.ആസാദ് സംസാരിച്ചു. കെ.സി ഉമേഷ് ബാബു ഐ.വി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ സുരേഷ് സ്വാഗതവും ഇ.കെ പ്രദീപകുമാര്‍ നന്ദിയും പറഞ്ഞു.