തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. തൃശൂർ, കൊല്ലം, പാലക്കാട്, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ കടുത്ത ചൂടിനാണ് സാധ്യത. ഒന്നാംഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് ഇവിടങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.
തൃശൂരിലാണ് ഏറ്റവുമധികം ചൂട് റിപ്പോര്‍ട്ട് ചെയ്തത്. തൃശൂരില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ രണ്ടുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈമാസം 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ആരോഗ്യവകുപ്പ് അടക്കം ചില മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലായതിനാൽ പകൽസമയങ്ങളിൽ 11 മുതൽ മൂന്നുവരെ പുറത്തു കഴിയുന്നത് കഴിവതും ഒഴിവാക്കണമെന്നും നിർദേശം നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നു ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.