തിരുവനന്തപുരം: കാലവര്‍ഷക്കാറ്റ് ശക്തമായി. ഇന്നലെ ആരംഭിച്ച മഴ സംസ്ഥാനത്താകെ വെള്ളിയാഴ്ച വരെ ശക്തമായി തുടരും. മധ്യ, തെക്കന്‍ ജില്ലകളിലാണ് കാലവര്‍ഷക്കാറ്റിന്റെ സ്വാധീനം കൂടുതലുള്ളത്. ചക്രവാതച്ചുഴിയാണ് വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാക്കുന്നത്. തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും മഴ ശക്തമാകും. തീരദേശത്ത് മഴ കുറവായിരിക്കും. സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ഈ ആഴ്ച ലഭിക്കും. അടുത്ത ആഴ്ചയും ശരാശരി മഴ പെയ്യും. തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഇവിടെ മലയോര മേഖലകളില്‍ ലഘു മേഘവിസ്പോടനത്തിന് സാധ്യതയുണ്ട്. ഇതുമൂലം മിന്നല്‍ പ്രളയം, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയുമുണ്ടായേക്കാം. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഇവിടങ്ങളില്‍ മഴ ശക്തമാകും. ഇടുക്കി, മലപ്പുറം മലയോര മേഖലകളിലും ശക്തമായ മഴ പെയ്യും.