വടകര: വടകരയിലെ കുട്ടോത്ത് സ്വദേശി ഹരികുമാര്‍ ഹരേറാം സംഗീത രംഗത്ത് തിളങ്ങി ഉയരങ്ങളിലേക്ക്. ‘സ്വരം’ എന്ന സിനിമയില്‍ ഇദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച പാട്ടുകള്‍ ശ്രദ്ധേയമാവുകയാണ്.
എ.പി.നളിനന്റെ തിരക്കഥയില്‍ നിഖില്‍ മാധവ് സംവിധാനം ചെയ്ത സിനിമയാണ് സ്വരം. ഈ സിനിമ ആരംഭിക്കുന്നത് നല്ലൊരു യുഗ്മ ഗാനത്തോട് കൂടിയാണ്. സംഗീതസംവിധായകനു പുറമെ ഗായകരും വടകരക്കാര്‍ ആണെന്നത് മറ്റൊരു പ്രത്യേകത. ഗാനരചയിതാവ് എ.പി.നളിനന്റെ കുടുംബവേരുകള്‍ വടകരക്കടുത്ത് കൂട്ടാലിടയാണ്.
ഈ ചിത്രത്തില്‍ ഹരികുമാര്‍ ഹരേറാം ഈണമിട്ട ഗാനം പാടിയത് ഹരികുമാര്‍ ഹരേറാമിനൊപ്പം ഷാര ഗിരീഷും ആണ്. വടകര അടക്കാതെരു സ്വദേശിയായ ഷാരയെ പിന്നണിഗാനരംഗത്തേക്ക് പരിചയപ്പെടുത്തിയതും സംഗീതസംവിധായകനാണ്. പിന്നണിഗായകന്‍, ഗാനരചിയതവ് എന്ന നിലയില്‍ കൂടി സിനിമാരംഗത്ത് ഉള്ളയാള്‍ ആണ് ഹരികുമാര്‍ ഹരേറാം. ഈ സിനിമക്ക് വേണ്ടി മൂന്ന് ഗാനങ്ങള്‍ ഹരികുമാര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എ.പി.നളിനനു പുറമെ പ്രമോദ് വെള്ളച്ചാല്‍, ടി.രേഖ എന്നിവര്‍ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
ജോയ് മാത്യു, കോഴിക്കോട് നാരായണന് നായര്‍, കോബ്ര സുരേഷ്, സനല്‍ കൃഷ്ണന്, മാളവിക നന്ദന് തുടങ്ങിയവരാണ് താരങ്ങള്‍. രാജകീയം സിനിമാസിന്റെ ബാനറില്‍ വിനോദ് കുമാര്‍ ചെറുകണ്ടിയില്‍ നിര്‍മിച്ചതാണ് ‘സ്വരം’ സിനിമ.
2013 മുതല്‍ സിനിമ മേഖലയില്‍ ഉണ്ടെങ്കിലും 2017 ലാണ് സ്വതന്ത്രസംഗീത സംവിധായകന് എന്ന നിലയില്‍ ഹരികുമാര്‍ ഹരേറാം സിനിമരംഗത്ത് സജീവമാകുന്നത്. സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഈ സിനിമയില്‍ ആറു ഗാനങ്ങളുടെ സംഗീതം, ഒരു ഗാനത്തിന്റെ രചന, ഒരു ഗാനത്തിന്റെ ആലാപനം എന്നിവയും നിര്‍വഹിച്ചു. അതിനുശേഷം നന്മമരം, കാക്കപ്പൊന്ന്, തെമ്മാടിക്കുന്നിലെ താന്തോന്നികള്‍ എന്നിവയുള്‍പ്പെടെ ഏഴ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്തു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സംഗീത സംവിധാനം നിര്‍വഹിക്കാനും പാടാനും ഹരികുമാര്‍ ഹരേറാമിനു കഴിഞ്ഞു. കൂടുതല്‍ ഉയരങ്ങള്‍ താണ്ടാനുള്ള പരിശ്രമത്തിലാണ് ഈ വടകരക്കാരന്.