കൊച്ചി: മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡന കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഒമർ ലുലുവിന്റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു പറഞ്ഞു. യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയെന്നും ഇതാണ്
പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമർ ലുലു പറഞ്ഞു. പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് ഉടൻ ഒമർ ലുലുവിനെ ചോദ്യം ചെയ്യും.