വടകര: ആയഞ്ചേരി ഗ്രാമപഞ്ചായത് നടപ്പിലാക്കുന്ന സമഗ്ര ജി ഐ എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ പഞ്ചായത് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വികസന സമിതി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡിജിപിഎസ്, ജി പി എസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്ലികേഷൻ തുടങ്ങിയവയുടെ സഹായത്തോടെ പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതു-സ്വകാര്യ ആസ്തികളും അവയുടെ അടിസ്ഥാന വിവരങ്ങളോടെ മാപ് ചെയ്യുകയും അവ വിശകലന സൗകര്യത്തോട് കൂടിയ വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യുകവഴി ആവശ്യമായ വിവരങ്ങൾ ആവശ്യമുള്ള രീതിയിൽ
ജീവനക്കാരുടെയും ജനപ്രധിനിതികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റിവ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗമായ യൂ എൽ ടെക്നോളജി സൊല്യൂഷൻ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ലതിക പി എം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി വി കുഞ്ഞിരാമൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്ദു തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഷൈബ എം, അസിസ്റ്റന്റ് സെക്രട്ടറി രാജീവ് കുമാർ പി, ഹെഡ് ക്ലാർക്ക് മിനീജയാ പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.