മണിയൂര്‍: മണിയൂര്‍ പഞ്ചായത്തിലെ അട്ടക്കുണ്ടിനടുത്ത് കരുവാണ്ടിമുക്കില്‍ ഒന്നര വയസുകാരി വീട്ടിനകത്ത് മരിച്ച നിലയില്‍. കോട്ടയില്‍ താഴെ ആയിഷ സിയ ആണ് മരിച്ചത്. സംഭവത്തില്‍ മാതാവ് ഫായിസയെ (28) പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയിലാണ് കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. മാതാവ് ഫായിസ വര്‍ഷങ്ങളായി മനോരോഗ ചികിത്സയിലാണെന്നു പറയുന്നു. ഭര്‍ത്താവ് അര്‍ഷാദിന്റെ മങ്കരയിലെ വീട്ടിലായിരുന്ന ഫായിസയും കുഞ്ഞും രണ്ട് ദിവസം മുമ്പാണ് സ്വന്തം വീട്ടിലെത്തിയത്. ഇന്നു രാവിലെ പത്തരയോടെ മരുന്ന് കഴിക്കാനെന്നു പറഞ്ഞ് മുറിയില്‍ കയറിയ ശേഷം പുറത്തിറങ്ങിയ ഫായിസ
അയല്‍വാസിയോട് താന്‍ മകളെ കൊന്നെന്നു പറയുകയായിരുന്നു. പിന്നാലെ എത്തി പരിശോധിച്ചപ്പോഴാണ് മകള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഫായിസയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യോളി പോലീസ് മാതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ഇവിടെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി
മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.