വടകര: ചരിത്രത്തിലാദ്യമായി വെളുത്തുള്ളിക്ക് പൊള്ളുന്ന വില. അടുക്കളയില്‍ നിന്ന് വെളുത്തുള്ളി പുറത്താകുന്ന സ്ഥിതി. കുറച്ചു ദിവസമായി കിലോവിന് നാനൂറ് രൂപയിലെത്തി. ചിലയിടങ്ങളില്‍ നാനൂറിന് മുകളിലാണ് വില.
രണ്ടാഴ്ച കൊണ്ടാണ് ഇങ്ങനെയൊരു മാറ്റം. കിലോവിന് നൂറ്റിരുപത് രൂപ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തരമൊരു കുതിപ്പ്.
കടകളില്‍ വെളുത്തുള്ളിയുടെ വില പ്രത്യേകം എഴുതി വെച്ചിട്ടുണ്ട്. വെളുത്തുള്ളി വാങ്ങിയ ശേഷം വില കേട്ടുണ്ടാകുന്ന വാക് തര്‍ക്കം ഒഴിവാക്കാനാണിത്. ചില കടകളില്‍ വെളുത്തുള്ളി വില്പന നിര്‍ത്തി വെച്ചിരിക്കുകാണ്. ഒരു കിലോ വെള്ളുത്തുള്ളി കടയില്‍ രണ്ടോ മൂന്നോ ദിവസം വെച്ചാല്‍ തൂക്കത്തില്‍ കുറവുണ്ടാകുമെന്നതാണ് കാരണം. പൊതുവെ സാധാരണക്കാര്‍ വെളുത്തുള്ളി 250 ഗ്രാം വാങ്ങുകയാണ് ചെയ്യാറ്. ഇപ്പോള്‍ കടക്കാരന് നൂറു ഗ്രാമില്‍ ഒതുക്കുകയാണ് ചെയ്യുന്നത്.
ടൗണുകളിലെത്തുന്ന വെളുത്തുള്ളിയുടെ അളവ് വലിയ തോതില്‍ കുറയുകയാണ്. വെളുത്തുള്ളിയിലെ ഔഷധ ഗുണം മനസിലാക്കി ഉപയോഗം കൂടി വരുന്നതിനിടയിലാണ് വിലക്കയറ്റം ജനത്തെ തളര്‍ത്തിയത്. പ്രത്യേക ചടങ്ങുകളില്‍ മാത്രമായി വെളിത്തുള്ളിയുടെ ഉപയോഗം പരിമിതപ്പെടുത്തി. വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.