വടകര: മുന്‍ഗണന കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യോപദേശ വിജിലന്‍സ് സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ മസ്റ്ററിങ് ജനങ്ങള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. മസ്റ്ററിങ് റേഷന്‍ കടകളില്‍ നിന്ന് അടിസ്ഥാന സൗകര്യമുള്ള പൊതുസ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ മാനദണ്ഡം ലംഘിക്കുന്ന തട്ടുകടകള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചു. നിലവില്‍ പരിശോധനകള്‍ നടക്കുന്നതായി ഫുഡ് സേഫ്റ്റി വിഭാഗം യോഗത്തെ അറിയിച്ചു. റേഷന്‍ കടകള്‍ കേന്ദ്രീകരിച്ചുള്ള ഉപദേശക സമിതി മൂന്ന് മാസത്തില്‍ ഒരിക്കല്‍ ചേരണമെന്നും അറിയിച്ചു. മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കോഴിക്ക് കൃതിമ വില സൃഷ്ടിക്കുന്നതായുള്ള പരാതികള്‍ പരിശോധിക്കും. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ നടപടിയെടുക്കും.
ആര്‍ഡിഒ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. വടകര മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.സജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.വനജ (തൂണേരി), പി.എം.ലീന (തോടന്നൂര്‍), പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി.മിനിക (ഏറാമല), ആയിഷ ഉമ്മര്‍ (അഴിയൂര്‍) സമിതി അംഗങ്ങളായ പി.പി.രാജന്, പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത്, സതീശന് കുരിയാടി, പി.സത്യനാഥ്, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.