ദുബായ്: 75 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് യുഎഇയില്‍ ഇത്രയും കനത്ത മഴ പെയ്തത്. ചൊവ്വാഴ്ച മുതല്‍ പെയ്ത മഴ ദുരിതം വിതച്ചു. ഒറ്റ ദിവസം മാത്രം 254 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴ കാരണം ദുബായ് വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍, മാളുകള്‍, റോഡുകള്‍, വ്യാപാര സ്ഥാനങ്ങള്‍ എന്നിവ വെളളത്തിനടയിലായി. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 24 മണിക്കൂറില്‍ 160 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. യുഎഇയില്‍ സാധാരണ ഒരുവര്‍ഷം മുഴുവന്‍ ലഭിക്കുന്ന മഴയാണ് ഒരുദിവസം പെയ്തിറങ്ങിയതെന്ന് കാലാവസ്ഥ വൃത്തങ്ങള്‍ അറിയിച്ചു
രാജ്യത്ത് റോഡ്, ട്രെയിന്‍, വ്യോമ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായി. ദുബായ് അടക്കമുള്ള നഗരങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും അധികൃതര്‍ തീവ്രശ്രമം തുടരുകയാണ്. ചൊവ്വാഴ്ചത്തെ മഴയില്‍ റണ്‍വേയില്‍ വെള്ളം കയറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയും വിമാന സര്‍വിസുകള്‍ മുടങ്ങി. പൊതുജനങ്ങളുടെ സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് അവധി പ്രഖ്യാപിച്ചു.
യുഎഇക്കു പുറമെ ഒമാന്‍, ബഹ്റൈന്‍, ഖത്തറിന്റെയും സൗദിയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.