കുറ്റ്യാടി: യുവാവിനെ തട്ടിക്കൊണ്ടുപോയി പത്ത് ലക്ഷം രൂപ അപഹരിച്ചെന്ന കേസില്‍ അഞ്ചു പേരെ കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തു. വേളം കുറിച്ചകം സ്വദേശി സതീശന് (32), കുറ്റ്യാടി സ്വദേശികളായ പി.സി.അനീഷ് (40), എം.നിഖിലേഷ് (33), കൂത്തുപറമ്പ് പൊന്ന്യം സ്വദേശി പ്രസാദ് എന്ന ഏലിയാസ് (44), തലശ്ശേരി പാലയാട് സ്വദേശി ടി.എന്‍.രജീഷ് (47) എന്നിവരെയാണ് കുറ്റ്യാടി, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് സിഐ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വേളം സ്വദേശി റാഷിക്കിന്റെ (32) പണമാണ് സംഘം അപഹരിച്ചത്. മൂത്ത സഹോദരന്റെ വീട് പണിക്കായി വായ്പ വാങ്ങിയ 10 ലക്ഷം രൂപയുമായി ഫെബ്രുവരി 29ന് രാവിലെ സ്കൂട്ടറില്‍ വരുമ്പോള്‍ വീടിന് സമീപത്തെ റോഡില്‍ നിര്‍ത്തിയ കാറിലേക്ക് സംഘം ബലമായി പിടിച്ച് കയറ്റി പണം കവര്‍ന്നെന്നാണ് പരാതി. വലകെട്ടിലെത്തിയപ്പോള് സംഘം റാഷിഖിനെ പുറത്തേക്ക് തള്ളിയിട്ട് പണവുമായി കടന്നുകളയുകയായിരുന്നു. പ്രതികള്‍ മുഖംമൂടി ധരിച്ചിരുന്നെങ്കിലും നിരീക്ഷണ ക്യാമറയില്‍ വ്യാജ നമ്പറുള്ള കാറിന്റെ ദൃശ്യം പതിഞ്ഞത് കേസിനു സഹായിച്ചു.
സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ കവര്‍ച്ച, അടിപിടി കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ഇവരെ നാദാപുരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്ഐ കെ.കെ.നിഖില്‍, എഎസ്ഐമാരായ മനോജ് രാമത്ത്, സദാനന്ദന്, സീനിയര്‍ സി.പി.ഒമാരായ രതീഷ്, അനില്‍കുമാര്‍, സിപിഒമാരായ വിജയന്, ജാസര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്