ബാര്‍ബഡോസ്: തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപോരിനിറങ്ങും. ആര് സ്വന്തമാക്കും കിരീടം. ഇന്ന് രാത്രി അറിയാം.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ സംഘം പ്രാഥമിക റൗണ്ടിലെ മൂന്ന് കളികളും ശേഷം സൂപ്പര്‍ എട്ടിലെ മൂന്ന് കളിയും ആധികാരികമായി വിജയിച്ചു. ഒരുമത്സരം മഴമൂലം ഉപേക്ഷിച്ചു. പ്രാഥമിക റൗണ്ടില്‍ പാകിസ്ഥാനെയും സൂപ്പര്‍ എട്ടില്‍ ഓസ്ട്രേലിയയെയും വ്യാഴാഴ്ച നടന്ന സെമിയില്‍, നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെയും തോല്പിച്ച് അപാര ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്.
തുടര്‍ച്ചയായ എട്ടുമത്സരങ്ങള്‍ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ഇതിനിടെ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന് തുടങ്ങിയ ടീമുകളെ കീഴടക്കി. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ അതിന് ശേഷം ടി 20 ലോകകപ്പ് ഫൈനല്‍ ജയിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയാകട്ടെ, ഇതുവരെ ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടില്ല. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയത്തില്‍ മഴ ഭീഷണിയുണ്ട്. മത്സരത്തിനിടെ മഴപെയ്താല്‍ 190 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. ഇരുടീമുകളും 10 ഓവറെങ്കിലും കളിച്ചാലേ വിജയിയെ കണ്ടെത്താനാകൂ. ശനിയാഴ്ച 10 ഓവര്‍ മത്സരംപോലും നടക്കാതെവന്നാല്‍ ഞായറാഴ്ചത്തേക്ക് നീട്ടും. അന്നും ഇന്ത്യന്‍ സമയം രാത്രി എട്ടിനായിരിക്കും മത്സരം. രണ്ടാം ദിനവും കളി നടക്കാതെ വന്നാല്‍ ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിക്കും.