വടകര: ത്യാഗത്തിന്റെയും സമര്‍പണത്തിന്റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. രാവിലെ തന്നെ ആളുകള്‍ പുതുവസ്ത്രമണിഞ്ഞ് പള്ളിയിലെത്തി പ്രാര്‍ഥനയില്‍ മുഴുകി. പ്രതികൂല കാലാവസ്ഥ കാരണം ഇത്തവണ ഈദ് ഗാഹ് ഉണ്ടായിരുന്നില്ല.
ത്യാഗത്തിന്റേയും സമര്‍പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമായാണ് ബക്രീദ് അറിയപ്പെടുന്നത്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രന് ഇസ്മായിലിനെ അള്ളാഹുവിന്റെ കല്പന മാനിച്ച് ബലിയര്‍പിക്കാന്‍ സന്നദ്ധനായതിന്റെ സ്മരണപുതുക്കുന്ന ദിനമാണ് ബക്രീദ്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയര്പിക്കണമെന്ന അള്ളാഹുവിന്റെ കല്പനയോട് മനസ് പതറാതെയാണ് ഇബ്രാഹിം നബി പ്രതികരിച്ചത്. അള്ളാഹുവിനോടുള്ള അചഞ്ചലമായ ഭക്തി പ്രകടമാക്കിയ ഇബ്രാഹിമിനെ നാഥന് ചേര്‍ത്തുപിടിച്ചതായാണ് വിശ്വാസം. അചഞ്ചലമായ ഈ വിശ്വാസത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ബലിപെരുന്നാള്‍.
ഭാഷയുടേയും ദേശത്തിന്റെയും അതിരുകളില്ലാതെ മെക്കയില്‍ ഒരുമിക്കുന്ന വിശ്വാസികളുടെ ഹജ്ജ് തീര്‍ഥാടനത്തിന്റെ പരിസമാപ്തിയും ബലിപെരുന്നാള്‍ ദിനത്തിലാണ്.