വള്ളിയാട്: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുക എന്ന് ഉദ്ദേശത്തോടെ,ഒരു അധ്യയന വർഷത്തിന്റെ ആകെത്തുകയായ പഠനോത്സവം വള്ളിയാട് എം എൽ പി സ്കൂളിൽ വാർഡ് മെമ്പർ പി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ബിപിസി വി എം സുരേന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. കുട്ടികളിലെ സർഗാത്മകതയും കലാപരമായ കഴിവുകളും വെളിവാക്കുന്നവയായിരുന്നു മിക്ക പരിപാടികളും. പാഠ്യ- പാഠ്യേതര
അനുഭവങ്ങൾ പഠനോത്സവത്തിൽ മാറ്റുരച്ചു. ഒന്ന് രണ്ട് ക്ലാസുകളിലെ കഥാപതിപ്പുകൾ പ്രകാശനം സുരേന്ദ്രൻ നിർവഹിച്ചു. അൽ മാഹിർ സ്കോളർഷിപ്പ് ജേതാക്കൾ അദീല റഹ്മ, നാമിയ, എൽ എസ് എസ് വിജയി മുഹമ്മദ് ഇ, പ്രീ പ്രൈമറി ടാലന്റ് എക്സാം അവാർഡ് ജേതാക്കൾ, മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംന എന്നിവർക്കുള്ള ഉപഹാര വിതരണവും ചടങ്ങിൽ നടന്നു. പഠനോത്സവത്തിന്റെ ഹൈലൈറ്റ് ആയിരുന്നു കുട്ടിക്കട. ദൈനംദിന ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങൾ ശരിയായ രീതിയിൽ പരിഹരിക്കുന്നതിന് സഹായകമാകും വിധമാണ് കുട്ടിക്കടയിലെ പ്രവർത്തനങ്ങൾ നടന്നത്. മുഴുവൻ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു.