നാദാപുരം: വിളകളുടെ തുടര്‍ച്ചയായ വിലയിടിവില്‍ പിടിച്ചു നില്ക്കാനാവാതെ കണ്ണീര്‍ക്കയത്തില്‍ കര്‍ഷകര്‍. ഉല്പന്നത്തിനു വിലയില്ലെന്ന് മാത്രമല്ല അനുദിനം വില കുറഞ്ഞു കൊണ്ടിരിക്കുകയുമാണ്.
കൊട്ടടക്കക്ക് മാത്രമായിരുന്നു മോശമല്ലാത്ത വിലയുണ്ടായിരുന്നത്. അതും താഴോട്ടാണ്. ക്വിന്റലിന് എണ്ണൂറ് മുതല്‍ ആയിരം രൂപയുടെ വരെ കുറവാണ് അടുത്തിടെയായി ഉണ്ടായിരിക്കുന്നത്. ഉണ്ടക്കൊപ്ര തീരെ താഴ്ന്ന നിലയില്‍ നിന്നു ചെറുതായൊന്ന് ഉയര്‍ന്നെങ്കിലും വീണ്ടും പഴയനിലയിലേക്ക് അതിവേഗം താഴുന്ന സ്ഥിതിയാണ്. കശുവണ്ടി തുടക്കത്തില്‍ നില മെച്ചപ്പെടുത്തിയെങ്കില്‍ അതിന്റെയും വില താഴോട്ട് തന്നെ. കുരുമുളകിന് ഈ വര്‍ഷം മെച്ചപ്പെട്ട വിളവുണ്ടായത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ വില ഗണ്യമായി താഴേക്ക് പോയത് കര്‍ഷകരെ നിരാശയിലാഴ്ത്തി. ന്യായമായ താങ്ങുവില നല്കി നാളികേരമടക്കമുള്ള വിളകള്‍ ശരിയായ രീതിയില്‍ സംഭരിക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല. ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുന്ന കര്‍ഷകരുടെ രക്ഷക്കെത്താന്‍ സര്‍ക്കാര്‍ ഇനിയും അമാന്തിച്ചാല്‍ സ്ഥിതി ദയനീയമായിരിക്കുമെന്നു സ്വതന്ത്ര കര്‍ഷകസംഘം നേതാക്കളായ നസീര്‍ വളയം, അബ്ദുല്ല വല്ലന്‍ കണ്ടത്തില്‍ എന്നിവര്‍ പറഞ്ഞു.