കൊയിലാണ്ടി: കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി.സത്യനാഥന് ആയിരങ്ങളുടെ അന്ത്യോപചാരം. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം കൊയിലാണ്ടിയിലെത്തിച്ചത്. സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുള്‍പ്പെടെ ആളുകള്‍ ഒഴുകിയെത്തി. തുടര്‍ന്ന് രാത്രി ഒമ്പതോടെ സംസ്കാരം നടത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, ജില്ലാ സെക്രട്ടറി പി.മോഹനന്, കെ.കെ.ദിനേശന്, കെ.മുഹമ്മദ്, കെ.കെ.ലതിക എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
നേരത്തെ കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുമ്പില്‍ പൊതു ദര്ശനത്തിനുവെച്ചപ്പോള് സംസ്ഥാന നേതാക്കളായ ഇ.പി.ജയരാജന്, പി.ജയരാജന്, മന്ത്രി മുഹമ്മദ് റിയാസ്, എ. പ്രദീപ് കുമാര്‍, മുന്‍ എംഎല്‍എമാരായ പി.വിശ്വന്, കെ.ദാസന്, എം.എല്‍.എ കാനത്തില്‍ ജമീല മറ്റ് ഇടതുമുന്നണി നേതാക്കളും, പ്രതിപക്ഷ നേതാക്കളുമുള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.