കോഴിക്കോട്: അനധികൃത വിൽപനക്കാർക്ക് മദ്യം എത്തിച്ച് നൽകിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നാദാപുരം എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ സി. അബ്ദുൾ ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം ആറ് ലിറ്റർ അനധികൃത മദ്യവുമായി കൊയിലാണ്ടി കീഴയിരൂർ സ്വദേശി ദാമോദരനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കുറഞ്ഞ വിലയ്ക്ക് മദ്യം കൈമാറാമെന്ന് അറിയിച്ച് അബ്ദുൾ ബഷീറാണ് ദാമോദരനുമായി ബന്ധപ്പെട്ടത്. തുടർന്ന് നാലായിരം രൂപയ്ക്ക് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വച്ച് ആറ് ലിറ്റർ മദ്യം കൈമാറി. ഈ മദ്യവുമായി വരുമ്പോഴാണ് ദാമോദരനെ പിടികൂടിയത്. ഫോൺ രേഖകൾ പരിശോധിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചു.
തുടർന്നാണ് അബ്ദുൾ ബഷീറിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.