വടകര: ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി കുട്ടോത്ത് മുഹമ്മദ് റിഷാല്‍. നടന്നുനീങ്ങിയതിനു പിന്നാലെ മതിലിടിയുകയായിരുന്നു. നടത്തം അല്പം വൈകിയിരുന്നെങ്കില്‍ മതില് ദേഹത്ത് വീണേനെ.
കഴിഞ്ഞ ദിവസം തൊട്ടടുത്ത വീട്ടിലേക്ക് പാലു വാങ്ങാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. കുളമുള്ളതില്‍ മീത്തല്‍ ശാരദയുടെ വീട്ടുപറമ്പിലെ മതില് ഇടിയുകയായിരുന്നു. റിഷാല്‍ നടന്ന് നിമിഷങ്ങള്‍ക്കകമാണ് മതില് തകര്‍ന്നത്. ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ മതില് ഇടിയുന്നതാണ് കണ്ടത്. റിഷാല്‍ നടുങ്ങിപ്പോയി. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ അതിനിടയില്പെട്ടേനെ. ഉയരത്തില്‍ നിന്ന് ഇടിഞ്ഞ മതിലിന്റെ കല്ലും മണ്ണും തൊട്ടടുത്ത തച്ചറണ്ടിയില് രഞ്ജിത്തിന്റെ വീട്ടിലേക്കാണ് വീണത്. ഇദ്ദേഹത്തിന്റെ വീട്ടിനോട് ചേര്‍ന്ന മതിലും തകര്‍ന്നു.
സംഭവമറിഞ്ഞ് റിഷാലിനെ സ്കൂള്‍ പ്രിന്‍സിപ്പള്‍ ബി.ബീന ആശ്വസിപ്പിച്ചു. കുട്ടോത്ത് ഇല്ലത്ത് മീത്തല്‍ മൊയ്തു, സാജിദ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയായ റിഷാല്‍.