വടകര: കാല്പനിക പരിസ്ഥിതി പ്രവർത്തനം അല്ല, മറിച്ച് പ്രൊഫ. ശോഭീന്ദ്രൻ്റേത് പോലെ ഇഴുകിച്ചേർന്ന പരിസ്ഥിതി പ്രവർത്തനമാണ് ഇന്നത്തെ കാലത്ത് വേണ്ടത് എന്ന് കവി വീരാൻകുട്ടി പറഞ്ഞു. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകൾ ഉൾപ്പെടെ 2000 കേന്ദ്രങ്ങളിൽ ‘അമ്മു’ എന്ന പരിസ്ഥിതി ഹ്രസ്വചിത്രം പ്രദർശിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വടകര ഡയറ്റിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ഫൗണ്ടേഷൻ രക്ഷാധികാരി, മുൻ ഡിഡിഇ ഇ കെ സുരേഷ് കുമാർ പരിസ്ഥിതി പ്രഭാഷണം നടത്തി. ഡയറ്റ് പ്രിൻസിപ്പൽ യു കെ അബ്ദുൾ നാസർ, ഫൗണ്ടേഷൻ
സെക്രട്ടറി സെഡ് എ സൽമാൻ, ടി എൻ കെ നിഷ, കെ ലക്ഷ്മി, ഡി ദിവ്യ, പൗലി ജെയിംസ്, എം പ്രബീഷ് തുടങ്ങിയവർ സംസാരിച്ചു. ഡയറ്റ് ക്യാമ്പസിൽ ‘ശോഭീന്ദ്ര വൃക്ഷ’വും നട്ടു. ‘ശോഭീന്ദ്ര വാര’ത്തിലെ ഒരു ദിവസത്തെ ഇനം എന്ന രീതിയിലാണ് പരിസ്ഥിതി ഹ്രസ്വ ചിത്രത്തിൻറെ പ്രദർശനം ഉൾപ്പെടുത്തിയത്. വിദ്യാഭ്യാസ ഉപഡയറക്ടറും ഡയറ്റ് പ്രിൻസിപ്പലും ആണ് സ്കൂളുകളിൽ പ്രദർശനത്തിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയത്. മറ്റ് സ്ഥലങ്ങളിലെ പ്രദർശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവിധ സംഘടനകളും വ്യക്തികളും ഏറ്റെടുക്കുകയായിരുന്നു. ഗജേന്ദ്രൻ വാവ സംവിധാനം ചെയ്ത, സുഗതകുമാരിക്ക് സമർപ്പിച്ചിരിക്കുന്ന പരിസ്ഥിതി ഹ്രസ്വചിത്രം മറ്റ് ജില്ലകളിലും ഇതുപോലെ വിവിധ സംഘടനകൾ പ്രദർശിപ്പിക്കുന്നുണ്ട് തിരുവനന്തപുരത്തെ ശാന്തി ഗ്രാം ആണ് വിവിധ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.