തിരുവനന്തപുരം: ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷം. ഈദ് ഗാഹുകളും മസ്ജിദുകളും പെരുന്നാള്‍ നിസ്കാരത്തിന്റെ വേദിയായി. പവിത്രമായ വ്രതാനുഷ്ഠാനം പൂര്‍ത്തിയായതിന്റെ നിറവോടെയാണ് വിശ്വാസികള്‍ ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നിസ്കാരത്തിന് എല്ലായിടത്തും നല്ല തിരക്ക് അനുഭവപ്പെട്ടു. പുത്തനുടുപ്പ് ധരിച്ചും നറുമണം പൂശിയും എത്തിയവര്‍ നിസ്കാരത്തിനു ശേഷം പരസ്പരം ആശ്ലേഷിച്ചു.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ആത്മ നിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്ത്തുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തറെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആശംസിച്ചു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വര്‍ഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന പിന്തിരിപ്പന് ശക്തികളെ
കരുതിയിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.