വാണിമേല്‍: വിലങ്ങാട്-വയനാട് ചുരമില്ലാ പാതക്കു വേണ്ടി ഇ.കെ.വിജയന് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ ഇടപെടല്‍ ഫലം കാണുന്നു. വനം-റവന്യൂ-പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പ്രാഥമിക പരിശോധന ഉടന്‍.
രണ്ട് മാസം മുമ്പ് തന്നെ ഇതിനു സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിരുന്നെങ്കിലും ഇലക്ഷന് പെരുമാറ്റച്ചട്ടം നിലനിന്നതു കൊണ്ടാണ് വൈകിയത്. പാതക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് സംയുക്ത പരിശോധനക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബുവിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം വയനാട് എംഎല്‍എ ഒ.ആര്.കേളുവിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് കേളു എംഎല്‍എ അറിയിച്ചു.
സര്‍വകക്ഷി സംഘത്തില്‍ വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെല്‍മ രാജു, ഷാജു ടോം, കെ.പി രാജീവന്, രാജു അലക്സ്, ജോണി മുല്ലക്കുന്നേല്‍, എം സി അനീഷ്, തോമസ് മാത്യു, സാബു, ഔസേപ്പച്ചന്, ബിജോയ് ബാബു എന്നിവര്‍ പങ്കെടുത്തു.