മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച വഴിമുട്ടിയിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ചര്‍ച്ച നടക്കുകയാണ്. എപ്പോഴും അതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കേണ്ടല്ലോ. പ്രതിപക്ഷ നേതാവും സാദിഖലി ശിഹാബ് തങ്ങളും ഫോണ്‍ വഴി ചര്‍ച്ച നടത്തുന്നുണ്ട്. യുഡിഎഫ് യോഗത്തിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രധാന പാര്‍ട്ടികള്‍ ഒന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത് ലോക്സഭ സീറ്റിനെ കുറിച്ചാണ്. രാജ്യസഭ സീറ്റിനെ കുറിച്ച് ചര്‍ച്ചയേ നടക്കുന്നില്ല. അത്തരം ചര്‍ച്ചകള്‍ ഭാവനാവിലാസം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മൂന്നാം സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ പലവട്ടം അനൗപചാരിക ചര്‍ച്ചകള്‍ നടന്നെങ്കിലും ലീഗിന്റെ ആവശ്യത്തോട് അനുകൂലമായോ പ്രതികൂലമായോ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ലെന്നും പകരം രാജ്യസഭാ സീറ്റ് നല്‍കാനാണ് യുഡിഎഫില്‍ ആലോചനയെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇത്തരം ചര്‍ച്ചകള്‍ ഭാവന മാത്രമാണെന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.