വടകര: ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയും പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ അട്ടിമറിച്ചും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ നരേന്ദ്രമോദി ഭരണകൂടം മുച്ചൂടും തകര്‍ക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രസ്താവിച്ചു.
കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനും ആയിരുന്ന പി.രാഘവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തും പി.രാഘവന് സ്മാരക പുരസ്കാരം പ്രശസ്ത സാഹിത്യകാരന് കല്പറ്റ നാരായണന് സമര്‍പ്പിച്ചുകൊണ്ടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ കീഴില്‍ നിയമനിര്‍മാതാക്കളും നിയമപാലകരും വിയോജിപ്പുകളെ നിശബ്ദമാക്കുവാനും തകര്‍ക്കാനുമുള്ള ഏജന്റുമാരായി മാറിയിരിക്കുകയാണ്.
രാജ്യത്തോട് കൂറും സമൂഹത്തോട് പ്രതിബദ്ധതയുമുള്ള പൗരന്മാര് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള മഹാ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ പിന്നില്‍ അണിനിരക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പ്രതികരണശേഷി നഷ്ടപ്പെട്ട സാംസ്കാരിക രംഗത്തെ പ്രതിഭകളില്‍ നിന്നു തികച്ചും വ്യത്യസ്തനാണ് കല്‍പ്പറ്റ നാരായണനെന്നു മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. നിര്‍ഭയനായി തെറ്റുകള്‍ക്കെതിരെ വിരല്‍ ചൂണ്ടി സംസാരിക്കാന്‍ കല്‍പ്പറ്റ നാരായണന് കാണിച്ചു കൊണ്ടിരിക്കുന്ന ആര്‍ജവം ശ്ലാഘനീയമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ചടങ്ങില്‍ അനുസ്മരണ സമിതി ചെയര്മാന് അഡ്വ.ഐ മൂസ അധ്യക്ഷത വഹിച്ചു. എഐസിസി മെമ്പര്‍ വി.എ.നാരായണന്, കെ.ബാലനാരായണന്‍, സുനില്‍ മടപ്പള്ളി, വി കെ അനില്‍കുമാര്‍, പി ബാബുരാജ്, കെ പി രവീന്ദ്രന്, കെ പി കരുണാകരന്, അച്യുതന് പുതിയടത്ത്, പറമ്പത്ത് പ്രഭാകരന്, പുറന്തോടത്ത് സുകുമാരന്‍, സി കെ വിശ്വനാഥന്, ടി.സി.രാമചന്ദ്രന്, പാമ്പള്ളി ബാലകൃഷ്ണന്, ബവിത്ത് മാലോല്‍ എന്നിവര്‍ പ്രസംഗിച്ചു.