വടകര: വടകര താഴെഅങ്ങാടിയുടെ രുചി മാഹാത്മ്യം വിളിച്ചറിയിച്ചുകൊണ്ട് എംയുഎം ഹയര്‍ സെക്കന്ററി വിഭാഗം ഒരുക്കിയ ഫുഡ് ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റില്‍ സ്വാദൂറും വിഭവങ്ങള്‍ നിറഞ്ഞു. ഓരോ ഇനവും രുചി വൈവിധ്യത്താല്‍ സമ്പന്നമായി. പുരാതന കാലത്ത് താഴെഅങ്ങാടിയുടെ തീന് മേശയില്‍ സ്ഥാനം പിടിച്ച സബൂക്ക് പത്തിരി, എര്ക്കിക്ക് പത്തിരി പോലെയുള്ള മുപ്പത്തിരണ്ട് തരം ഭക്ഷണ വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ നിരന്നു. കൂടാതെ രുചിയേറും വിഭവങ്ങളുടെ വില്പനയും ഉണ്ടായിരുന്നു.
ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ കെ.സജീവന്റെ യാത്രയപ്പിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്നു കൊണ്ടുവന്ന വിഭവങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയത്.
ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് യൂനസ്.കെ.ടി. നിര്‍വഹിച്ചു. പ്രിന്‍സിപ്പള്‍ സജീവ് കുമാര്‍, എം.എം.സഭ പ്രതിനിധികളായ കെ.കെ.മഹമൂദ്, കെ.എം.പി. അശ്രഫ്, പി.മഹമൂദ്, വി.ഷബീര്‍, നിസ്താര്‍ കെ.ടി, ഹെഡ്മാസ്റ്റര് എന്‍.പി.അശ്രഫ്, പി.എം.മുസ്തഫ, പി.കെ.ലത്തീഫ്, എം.ഫൈസല്‍, അദീബ് അഹമ്മദ്, ലത്തീഫ് തുറയൂര്‍, എന്‍.പി.ഹംസ, കെ. ഹാജറ, ശുക്കൂര്‍ മെഹ്ഫില്‍, ഫെമിന, നഫ്സല്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന് ആശിര് വടകരയുടെ നേതൃത്വത്തില്‍ ‘മെഹ്ഫിലും പൊടിച്ചായയും’ എന്ന പരിപാടിയും അരങ്ങേറി.