വടകര: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജക്കുനേരെയുള്ള സൈബര്‍ ആക്രമണത്തില്‍ നടപടി തേടി എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷനും ഡിജിപിക്കും പരാതി നല്‍കിയതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെറിവിളിച്ചും ചിത്രങ്ങള്‍ മോര്‍ഫ്ചെയ്ത് പ്രചരിപ്പിച്ചും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെതിരെ മണ്ഡലം സെക്രട്ടറി വത്സന് പനോളിയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് യുഡിഎഫ് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നതെന്നുകാട്ടി തെളിവുകള്‍ സഹിതമാണ് പരാതി.
മാര്‍ച്ച് 25ന് ഫേസ്ബുക്കില്‍ ‘ട്രോള്‍ റിപ്പബ്ലിക് ടിആര്‍’ എന്ന ഗ്രൂപ്പിലാണ് അശ്ലീലച്ചുവയോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിയേയും അപമാനിക്കുന്ന പ്രചാരണങ്ങളുണ്ട്. കെ.കെ.ശൈലജക്ക് വോട്ട് അഭ്യര്‍ഥിക്കുന്ന പോസ്റ്റുകള്‍ക്ക് സംസ്കാരശൂന്യമായ കമന്റുകളാണ് നല്‍കുന്നത്. പൂതന, അഭിസാരി എന്നിങ്ങനെ നിന്ദ്യമായ രീതിയിലാണ് കമന്റ്. ഒരു സ്ത്രീ എന്ന പരിഗണനപോലും നല്‍കാതെ വൃത്തികെട്ട രീതിയിലുള്ള മെസേജുകളാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത്.
ഇവ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യവുമാണ്. നിയമപരമായി ഇടപെടലുണ്ടാകേണ്ട കുറ്റമാണിത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അറിവോടും സമ്മതത്തോടും പ്രേരണയോടെയുമാണ് അപകീര്‍ത്തികരമായ പ്രചാരണങ്ങളെന്നും പരാതിയില്‍ പറയുന്നു. യുഡിഎഫ് നേതൃത്വമോ സ്ഥാനാര്‍ഥിയോ ഈ പരാമര്‍ശങ്ങള്‍ തള്ളിപ്പറയാന്‍ ഇതുവരെ തയ്യറായിട്ടുമില്ല. കെ.കെ.ശൈലജക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയില്‍ വിറളിപൂണ്ടവരാണ് ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കു പിന്നിലെന്ന് ഇടതുമുന്നണി നേതാക്കള്‍ കുറ്റപ്പെടുത്തി. ശാന്തമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം കലുഷിതമാക്കുകയാണ് ഇതിനു പിന്നില്‍. വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷണര്‍, മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറല്‍ എസ്പി, കലക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് നേതാക്കളായ പി.മോഹനന്, വത്സന് പനോളി, ടി.കെ.രാജന്, സി.കെ.നാണു, എം.കെ ഭാസ്കരന്, വി.ഗോപാലന്, ടി.എന്‍.കെ.ശശീന്ദ്രന് എന്നിവര്‍ പങ്കെടുത്തു,