വടകര: പാനൂര്‍ ബോംബ് സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്.പ്രഫുല്‍കൃഷ്ണന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. തികച്ചും സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണ് പാനൂരും പരിസരവും. വീണ്ടും ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിലേക്ക് നാടിനെ കൊണ്ടെത്തിക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. സിപിഎം നേതൃത്വം പറഞ്ഞിട്ടാണോ ബോംബ് നിര്‍മിച്ചത്. സ്ഫോടനത്തിലെ പ്രധാനപ്പെട്ടവര്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായി എന്താണ് ബന്ധം. ഇത്തരം കാര്യങ്ങള്‍ വസ്തുനിഷ്ടമായി അന്വേഷിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ വികസനം പറഞ്ഞ് വോട്ട് പിടിക്കാന്‍ സിപിഎമ്മിനാവുന്നില്ലെന്നും ഇതില്‍ നിന്ന് ജന ശ്രദ്ധ തിരിക്കാന്‍ അക്രമത്തിനു തുനിയുകയാണെന്നും പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സിപിഎം കേന്ദ്രങ്ങളില്‍ നിരീക്ഷണവും റെയ്ഡും ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.