വടകര: കോണ്‍ഗ്രസ് നേതാവ് കെ.മുരളിധരന് രാഷ്ട്രീയ അന്ധത ബാധിച്ചെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റും വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ സി.ആര്.പ്രഫുല്‍കൃഷ്ണ. തന്റെ സഹോദരി പത്മജ ബിജെപിയില്‍ ചേരുന്നതില്‍ ഇത്രയേറെ രോഷം പ്രകടിപ്പിക്കേണ്ട കാര്യമെന്തെന്ന് പ്രഫുല്‍കൃഷ്ണ വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ സഹോദരിയെ തള്ളിപ്പറയുന്നത് പിതൃത്വത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. പൊതുവെ സിപിഎമ്മിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം സമീപനം കാണാറ്. പാര്‍ട്ടി വിട്ടവര്‍ക്കെതിരെ ഭ്രഷ്ട്പോലും കല്പിക്കാറുണ്ട്. ഈയൊരു നിലപാട് ഒരിക്കലും കോണ്‍ഗ്രസിന് ചേര്‍ന്നതല്ല.
കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രമുഖരായ രണ്ടു നേതാക്കളുടെ മക്കള്‍ കോണ്‍ഗ്രസ് വിട്ടതോടെ ആ പാര്‍ട്ടിയുടെ അടിത്തറ ഇളകിയിരിക്കുകയാണെന്ന് പ്രഫുല്‍കൃഷ്ണ പറഞ്ഞു. ഇവര്‍ മാത്രമല്ല ഇനിയും കൂടുതല്‍ പേര് ബിജെപിയിലേക്ക് വരുമെന്നും ഇതിലൂടെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു കൊലക്കേസിലെ രേഖകള്‍ കാണാതായതിനു പിന്നില്‍ സിപിഎം-പോപ്പുലര്‍ഫ്രണ്ട് അന്തര്ധാരയാണന്ന് പ്രഫുല്‍കൃഷ്ണ ആരോപിച്ചു. കോടതിയില്‍ നിന്ന് എങ്ങനെയാണ് രേഖ നഷ്ടപ്പെടുന്നത്. ഇതിലൂടെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി മേഖലാ വൈസ് പ്രസിഡന്റ് എം.പി.രാജന്, കെ.വി.ദിലീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.