വടകര: അതികായരെ ഇറക്കി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടാനാണ് സംസ്ഥാനത്ത് സിപിഎം ശ്രമം. പോളിറ്റ്ബ്യൂറോ അംഗം, എംഎല്‍എമാര്‍, ജില്ലാ സെക്രട്ടറിമാര്‍ അടക്കം പ്രമുഖരെയാണ് സിപിഎം മത്സരരംഗത്തിറക്കുന്നത്. സംസ്ഥാനത്ത് സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളില്‍ അതത് ജില്ലാ കമ്മറ്റികള്‍ പ്രമുഖരുടെ ലിസ്റ്റ് തയ്യാറാക്കി സംസ്ഥാന നേതൃത്വത്തിനു കൈമാറി.
വടകരയില്‍ മുന്‍ മന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കാനാണ് സാധ്യത. സിറ്റിംഗ് എംപി കെ.മുരളീധരനില്‍ നിന്ന് സീറ്റ് തിരിച്ചുപിടക്കാന്‍ ശൈലജയെ ഇറക്കിയാല്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് സ്ഥാനാര്‍ഥിയാവും. കാസര്‍കോട് മുന്‍ എംഎല്‍എ ടി.വി.രാജേഷിന്റെ പേരുണ്ട്. കോഴിക്കോട്ട് മുതിര്‍ന്ന സിഐടിയു നേതാവും രാജ്യസഭാ അംഗവുമായ എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. കൊല്ലത്ത് നടനും എംഎല്‍എയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ.
പത്തനംതിട്ടയില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡോ. തോമസ് ഐസക്ക്, ആലപ്പുഴയില്‍ സിറ്റിംഗ് എംപി എ.എം.ആരിഫ് എന്നിവര്‍ മത്സരിക്കും. പാലക്കാട്ട് എ.വിജയരാഘവന് മത്സര രംഗത്തേക്ക് വരും. ഇവിടെ എം.സ്വരാജിന്റെ പേരുമുണ്ട്. ആലത്തൂരില്‍ മന്ത്രി കെ.രാധാകൃഷ്ണനെ നിര്‍ത്താനാണ് സിപിഎമ്മില്‍ ആലോചന നടക്കുന്നത്. പൊന്നാനിയില്‍ മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനോ മുന്‍ മന്ത്രി കെ.ടി.ജലീലോ സ്ഥാനാര്‍ഥിയാവും.