തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച നടക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിലയിരുത്തലായിരിക്കും പ്രധാന ചര്‍ച്ചയെങ്കിലും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്റെ നിലപാടുകളും ചര്‍ച്ചയാകും. പാപികളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കേണ്ടതാണെന്നും ഇക്കാര്യത്തില്‍ ഇ.പി. ജയരാജന് ജാഗ്രത കാണിക്കാറില്ലെന്നത് മുന്‍ അനുഭവമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പറഞ്ഞിരുന്നു. ഇത് പരസ്യശാസനക്ക് സമാനമാണെന്ന വിലയിരുത്തലുണ്ടായി.
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തിരുന്ന് ബിജെപി പ്രവേശനത്തിന് ശ്രമിച്ചെന്നത് നിഷേധിക്കുന്നുണ്ടെങ്കിലും ഇ.പി പാര്‍ട്ടിയിലും പൊതുസമൂഹത്തിനു മുന്നിലും സംശയമുനയിലാണിപ്പോള്‍. കണ്ണൂരിലെ മൂന്ന് ജയരാജന്മാരില് ഒന്നാമനാണ് ഇ.പി. ഒന്നാം പിണറായി സര്‍ക്കാറില്‍ രണ്ടാമനായി നിന്ന മന്ത്രിയുമായിരുന്നു. സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ പാരമ്യകാലത്ത് കണ്ണൂരില്‍ പാര്‍ട്ടിയെ നയിച്ച കരുത്തനായ ജയരാജന് ബിജെപി പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായി രഹസ്യചര്‍ച്ച നടത്തിയതും പോളിങ് ദിനത്തില്‍ അത് സ്ഥിരീകരിച്ചതും ഇടതുപക്ഷത്തെയാകെ ഞെട്ടിച്ചു. ബിജെപിക്കെതിരെ കോണ്‍ഗ്രസുകാരെ എങ്ങനെ വിശ്വസിക്കുമെന്ന് ചോദിച്ച സിപിഎം സ്വന്തം മുന്നണി കണ്‍വീനര്‍ ബിജെപിയില്‍ ചേരാനൊരുങ്ങിയതിന് മറുപടി പറയേണ്ട അവസ്ഥയിലാണ്.
എം.വി.ഗോവിന്ദന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമൊക്കെയായതില് ഇ.പിക്കുള്ള നിരാശയിലായിരുന്നു അസ്വാരസ്യങ്ങളുടെ തുടക്കമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.