ഓര്‍ക്കാട്ടേരി: ടി.പി.ചന്ദ്രശേഖരന്റെ ഓര്മയെപോലും വേട്ടയാടി പരിഹാസ്യരാകുകയാണ് സിപിഎം എന്ന് കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.സി.ഉമേഷ് ബാബു പറഞ്ഞു. ആര്‍എംപിഐയുടെ ആഭിമുഖ്യത്തില്‍ ടി.പി ചന്ദ്രശേഖരന്റെ പന്ത്രണ്ടാമത് രക്ത സാക്ഷി ദിന വാര്‍ഷിക പൊതുസമ്മേളനം ഓര്‍ക്കാട്ടേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചന്ദ്രശേഖരന്റെ സഖാക്കള്‍ക്ക് വടകരയുടെ ചരിത്രം നിര്‍ണയിക്കാന്‍ കഴിയുമെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടാണ് ലോക്സഭാതെരഞ്ഞെടുപ്പ് വരുമ്പോള്‍ പിണറായി വിജയനും സംഘത്തിനും ഭയമുണ്ടാകുന്നത്. 2014ലും 2019 ലും വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ തോറ്റ സിപിഎമ്മിനെ 2024ലും കാത്തിരിക്കുന്നതും തോല്‍വി തന്നെയാണെന്നും ഉമേഷ് ബാബു പറഞ്ഞു. ഷാഫി പറമ്പിലിനും വടകരയില്‍ മത്സരിക്കാന്‍ ജനാധിപത്യപരമായി അവകാശമുണ്ട്. ശൈലജയ്ക്ക് മാത്രമല്ല. ഷാഫി പറമ്പിലിനെ വര്‍ഗീയവാദിയാക്കുന്ന പിണറായിപാര്‍ട്ടി ആര്‍എസ്എസ് ആയി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുകയാണ്. നാണംകെട്ട രീതിയില്‍ വടകരയില്‍ വര്‍ഗീയ വിഭജനം നടത്താനാണ് അവര്‍ ശ്രമിക്കുന്നത്. പശ്ചിമ യുപിയില്‍ സംഘപരിവാര്‍
ചെയ്തതുപോലെയാണ് വടകരയില്‍ സിപിഎം നേതാക്കള്‍ മത വിഭജന പ്രചാരണം നടത്തിയത് എന്നും ഉമേഷ് ബാബു ചൂണ്ടിക്കാട്ടി.
ആര്‍എംപിഐ സംസ്ഥാന സെക്രട്ടരി എന്‍.വേണു, ടി.എല്‍.സന്തോഷ്, അഡ്വ.പി.കുമാരന് കുട്ടി, കെ.എസ്.ഹരിഹരന്, കെ.കെ.രമ എംഎല്‍എ, കുളങ്ങര ചന്ദ്രന്, ടി.കെ.സിബി, എ.കെ.ബാബു എന്നിവര്‍ സംസാരിച്ചു. ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ പടുകൂറ്റന്‍ റാലിയോടെയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്.