വടകര: ചോമ്പാല്‍ ഹാര്‍ബറില്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന ബോട്ട് മെക്കാനിക്ക് എറണാകുളം സ്വദേശി ജൂഡ് ജോസഫിനെ അന്യായമായി ഒഴിപ്പിക്കുന്നത് വടകര മുന്‍സീഫ് കോടതി തടഞ്ഞു. നിയമവിരുദ്ധമായി പോലീസിനെ ഉപയോഗിച്ചും വാടകക്കാരന് എന്ന പദവിക്ക് വിരുദ്ധമായും വര്‍ക്ക്ഷോപ്പ് ഒഴിപ്പിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് നല്കിയ അന്യായത്തിന്മേലാണ് നടപടി.
മടപ്പള്ളി-അഴിയൂര്‍ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തെയും സംഘം പ്രസിഡന്റിനേയും പ്രതി ചേര്‍ത്താണ് ജൂഡ് ജോസഫ് മുന്‍സീഫ് കോടതിയെ സമീപിച്ചത്. കേസില്‍ സംഘം സെക്രട്ടറിയേയും അന്യായക്കാരനേയും കോടതി വിസ്തരിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് ജുഡ് ജോസഫിനെ നിയമവിരുദ്ധമായി ചോമ്പാല ഹാര്‍ബറില്‍ നിന്ന് ഒഴിപ്പിക്കുന്നത് മുന്‍സീഫ് ശാശ്വതമായി തടഞ്ഞത്. അന്യായക്കാരന് കോടതി ചെലവ് പ്രതികള്‍ കൊടുക്കാനും ഉത്തരവായി. ജൂഡ് ജോസഫിന് വേണ്ടി അഡ്വ. സന്തോഷ് എ.എം ഹാജരായി.