വടകര: ലോകസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചോറോട് ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തി. മണ്ഡലത്തില്‍ ജയിക്കുന്നവര്‍ മാത്രമേ ജൂണ്‍ നാലിന് ആഹ്ലാദ പ്രകടനം നടത്തുവാന്‍ പാടുള്ളൂ എന്നു യോഗം തീരുമാനിച്ചു. ദേശീയതലത്തില്‍ ജയിക്കുന്ന മുന്നണി അഞ്ചിനാണ് ആഹ്ലാദ പ്രകടനം നടത്തേണ്ടത്. പോലീസിനെ മുന്‍കൂട്ടി അറിയിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ മാത്രമേ പ്രകടനം നടത്താവൂ. പൊതുസ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും സ്ഥാപിച്ച പ്രചരണ സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് പി.പി.ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വടകര പോലീസ് ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷ് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.എം.രാജന്, രാജേഷ് ചോറോട്, ഇസ്മയില്‍ പി, പ്രസാദ് വിലങ്ങില്‍, ശ്രീധരന് സി.പി, അബൂബക്കര്‍, കെ.വി.മോഹന്‍ദാസ്, കെ.കെ.സദാശിവന്, പഞ്ചായത്ത് അംഗം വി.പി. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി നിഷ എന്‍ തയ്യില്‍ സ്വാഗതം പറഞ്ഞു.