കോഴിക്കോട്: വിവാദമായ കാഫിര്‍ പോസ്റ്റില്‍ സിപിഎം നേതാവ് കെ.കെ.ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. കാഫിര്‍ പോസ്റ്റ് നീക്കം ചെയ്താല്‍ മാത്രം പോരെന്നും എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും കോഴിക്കോട് ഡിസിസി അഡ്വ. കെ.പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കെ.കെ.ലതികയെ പോലീസ് അറസ്റ്റ് ചെയ്യണം. കെ.കെ.ലതികക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്നും കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു.
വിവാദ കാഫിര്‍ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നു കെ.കെ.ലതിക നീക്കം ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
പോസ്റ്റ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റേതല്ലെന്നും വ്യാജമാണോ എന്ന് പരിശോധിക്കുമെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ച ശേഷമാണ് കെ.കെ.ലതിക ഇത് നീക്കിയത്. തെരഞ്ഞെടുപ്പിന് തലേന്നാണ് സിപിഎം സംസ്ഥാന സമിതി അംഗമായ കെ.കെ.ലതിക കാഫിര്‍ പോസ്റ്റ് ഫേയ്സ്ബുക്ക് പേജിലിട്ടത്. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ് കാണുന്നില്ല. പോസ്റ്റ് മറയ്ക്കുകയോ ഡിലിറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് ഫേസ് ബൂക്കിന്റെ അറിയിപ്പ്.
കേസിലെ നിജസ്ഥിതി എന്തെന്ന് ഹൈക്കോടതിയെ പോലീസ് ബോധിപ്പിച്ച് മണിക്കൂറുകള്‍ക്കകം പോസ്റ്റ് അപ്രത്യക്ഷമായതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വിവാദമായ കാഫിര്‍ പോസ്റ്റിന് പിന്നില്‍ സിപിഎം ആരോപിച്ചത് പോലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനല്ലെന്നും അമ്പല മുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ പേജുകളിലേക്ക് അന്വേഷണമെത്തിയതായും പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്ത ലതികയെ അടക്കം 12 പേരെ ചോദ്യം ചെയ്തതായും പോലീസ് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഇതേ പോസ്റ്റ് ഷെയര്‍ ചെയ്ത കെ.കെ.ലതികയെ അറസ്റ്റ് ചെയ്ത് അന്വേഷിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.