വടകര: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ തകര്‍ന്നു കൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ അടിയന്തരമായി സംരക്ഷിക്കുകയോ പുതുക്കിപ്പണിയുകയോ വേണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യപ്പെട്ട് വില്യാപ്പള്ളി ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.
50 വര്‍ഷം മുമ്പ് നിര്‍മിച്ച ഗ്രാമപഞ്ചായത്ത് ഓഫീസും 30 വര്‍ഷത്തിലധികം പഴക്കമുള്ള ഷോപ്പിംഗ് കോംപ്ലക്സും ഉള്‍പെടെ പല കെട്ടിടങ്ങളും തകര്‍ച്ചാഭീഷണിയിലാണ്. ഒരു വര്‍ഷം മുമ്പ് ബസ് കാത്തിരിപ്പു കേന്ദ്രം പട്ടാപ്പകല്‍ ആളുകള്‍ നിറഞ്ഞു നില്‍ക്കേ തകര്‍ന്നുവീഴുകയുണ്ടായി. ഇതുവരെ ഇത് പുനര്‍നിര്‍മ്മിക്കാന്‍ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. പകരം താര്‍പായ കെട്ടിയിരിക്കുകയാണ്.
ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മിക്കാനായി പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിച്ച് സ്ഥലം വാങ്ങിയിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. വ്യവസായ എസ്റ്റേറ്റിന്റെ പേരില്‍ ഏക്കര്‍ കണക്കിന് സ്ഥലം കാടുമുടി കിടക്കുകയാണ് .
മത്സ്യ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ കുറെ ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയുണ്ടായി. ഈ കെട്ടിടം പൊളിച്ചു മാറ്റിയെങ്കിലും ഇനിയും പുതിയ കെട്ടിടത്തിനുള്ള നടപടികളോ പ്ലാനോ തയ്യാറാക്കിയിട്ടില്ല. കെട്ടിടം പൊളിച്ചതിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട കച്ചവടക്കാര്‍ കോടതിയെ സമീപിക്കുകയും 18 മാസം കൊണ്ട് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
കൃഷി ഭവന് സ്വന്തം കെട്ടിടമില്ലാതെ ഇടുങ്ങിയ മുറിയില്‍ വാടക നല്കി നിലനിര്‍ത്തുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പോലീസ് എയ്ഡ് പോസ്റ്റ് നില്ക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണത്. ഭാഗ്യം കൊണ്ടാണ് പോലീസുകാര്‍ രക്ഷപ്പെട്ടത്. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനോ നിലവിലുള്ളവയുടെ സുരക്ഷിതത്വം പരിഗണിക്കുകയോ ചെയ്യാതെ കണ്ണടക്കുകയാണ് ഗ്രാമ പഞ്ചായത്ത്.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക , ജനങ്ങളുടെ ജീവന് സംരക്ഷിക്കുക , വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ ജനങ്ങള്‍ക്ക് അപകടം വരുത്തിവെക്കുന്നതാണ് തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് വില്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വില്യാപ്പള്ളി ടൗണില്‍ നടത്തിയ പ്രതിഷേധ ധര്‍ണ കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി.ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. പി.സി.ഷീബ, ടി.ഭാസ്കരന്, എന്‍.ശങ്കരന്, കെ.പി.ദിനേശന്, എം.പി.വിദ്യാധരന്, എന്‍.ബി.പ്രകാശ് കുമാര്‍, കെ .വി.ശാലിനി, വി.മുരളീധരന്, വി.കെ.ബാലന്, ബാബു പാറേമ്മല്‍, കെ.എം.ഷാനിഷ് കുമാര്‍, അഡ്വ: വി.കെ.കുഞ്ഞിമ്മൂസ എന്നിവര്‍ സംസാരിച്ചു.