മണിയൂര്‍: സമൂഹത്തിന് വിപ്ലവകരമായ സംഭാവനകള്‍ നല്കിയ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസാണ് ലോകത്തിലെ ഏറ്റവും വലിയ വിപ്ലവ സംഘടനയെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്മാന് ഡോ.പി.സരിന് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ചരിത്രം ആഴത്തില്‍ പഠനവിധേയമാക്കിയാല്‍ ഇക്കാര്യം ബോധ്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാംസ്കാരിക സംഘടനയായ സബര്‍മതി മണിയൂര്‍ പ്രസിദ്ധീകരിച്ച ‘മണിയൂരിലെ കോണ്‍ഗ്രസ് 100 വര്‍ഷങ്ങള്‍ ‘എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് സി.പി.വിശ്വനാഥന് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് യു.കെ.കുമാരന് ആദ്യപ്രതി ഏറ്റുവാങ്ങി.
കാവില്‍.പി. മാധവന് പുസ്തകം പരിചയപ്പെടുത്തി. പി.സി ഷീബ, വി.എം.കണ്ണന്, ബാബു ഒഞ്ചിയം, കുനിയില്‍ ശ്രീധരന്, മൂഴിക്കല്‍ ശ്രീധരന്, വി.പി സര്‍വ്വോത്തമന്‍, ഇസ്മയില്‍ ചില്ല, ബാബു മുതുവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ജയശങ്കര്‍ കീഴായി, ഐ.പി.പപ്പന് എന്നിവരെ ആദരിച്ചു.