വേളം: മണിമലയില്‍ കുട്ടികളുടെ പാര്‍ക്കിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പ്രദേശവാസികളില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് വേളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിര്‍മാണ ഘട്ടത്തില്‍ തന്നെ പാര്‍ക്കിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇവ കാറ്റില്‍ പറത്തിയാണ് നിര്‍മാണത്തിന്റെ ആദ്യഘട്ടവും തുടര്‍ പ്രവര്ത്തവുമെന്ന പരാതി പ്രദേശവാസികളില്‍ ശക്തമാണ്. വേളം പഞ്ചായത്തിനെ ടൂറിസം ഭൂപടത്തിലേക്ക് നയിക്കുന്ന പാര്ക്കിന് കോണ്‍ഗ്രസ് ഒരിക്കലും
എതിരല്ല. മറിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കി വേണം പാര്‍ക്കിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാന്‍. നൂറു കണക്കിന് തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം കൂടിയാണെന്ന വസ്തുത കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നതോടൊപ്പം സാധാരണക്കാരായ പ്രദേശ വാസികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ മാനേജ്മെന്റ് തയാറാവണം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കാലവര്‍ഷം ആസന്നമായ ഘട്ടമായതിനാലും പാര്‍ക്കിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍
ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ശ്രീധരന് അധ്യക്ഷനായി.