കടമേരി: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി എൽഡിഎഫ് മെമ്പർമാർ ജയിച്ച വാർഡുകളെ ഒഴിവാക്കി രാഷ്ട്രീയ വിവേചനത്തോടെ ഗുണഭോക്തൃ പ്രദേശം തിരഞ്ഞെടുത്തു എന്ന പരാതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ കേസെടുത്തു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് വികസന സമിതി കൺവീനർ കുനിയിൽ മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
എടുത്ത് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും,ആയഞ്ചേരി കൃഷി ഓഫീസർക്കും നോട്ടീസ് അയച്ചത്. 12-ാം വാർഡിനെ ഒഴിവാക്കി ഇരുവശങ്ങളിലുമുള്ള യൂഡി എഫ് മെമ്പർമാർ ജയിച്ച 5, 13 വാർഡുകൾ തിരഞ്ഞെടുത്തത് രാഷ്ട്രീയ വിവേചനമാണെന്നാണ് പരാതിയിൽ സൂചിപ്പിച്ചത്. ഭൂമിശാസ്ത്രപരമായ അതിരുകളോടെ തെങ്ങുകൃഷി കൂടുതലുള്ള പ്രദേശങ്ങൾ ഗുണഭോക്തൃ പ്രദേശമായ് തിരഞ്ഞെടുക്കണമെന്ന സർക്കാർ ഉത്തരവിന് വിരുദ്ധമാണ് ഭരണസമിതി തീരുമാനമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഭരണസമിതി തീരുമാനത്തിനെതിരെ എൽ ഡി എഫ് അംഗങ്ങൾ യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയിരുന്നു.