പേരാമ്പ്ര: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പോലീസ്. ഇന്ന് രാവിലെയാണ് പോലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇതില്‍ യുഡിഎഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പോലീസ് നടപടിക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. നില്ക്കാന് പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇവര്‍. പരിക്കേറ്റവരെ തിരികെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി.