വടകര: നഗരസഭാ പരിധിയിലെ പ്രൈമറി വിദ്യാലയങ്ങളിൽ മലയാളം അക്ഷരം എഴുതുന്നതിലും വായിക്കുന്നതിലും പിറകിലായിപ്പോയ കുട്ടികളെ മലയാള ഭാഷയിലെ അടിസ്ഥാന ശേഷിയിൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വടകര നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ‘അക്ഷര മധുരം’ പരിപാടിയുടെ അധ്യാപകർക്കുള്ള പരിശീലനം ആരംഭിച്ചു. കുട്ടികളുടെ മുമ്പിൽ
ട്രൈ ഔട്ട് നടത്തിയായിരുന്നു പരിശീലനം. കുട്ടികൾ ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ വളരെ ആഹ്ലാദത്തോടെ അക്ഷരലോകത്തേക്ക് കടന്നുവരുന്നത് ആവേശകരമായ അനുഭവമായിരുന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൽ യു.കെ അബ്ദുനാസർ നിർവഹിച്ചു. പരിശീലനത്തിന് ടി.ടി. പൌലോസ്, വി.കെ.ശിജി എന്നിവർ നേതൃത്വം നൽകി. ജൂൺ 19ന് ആരംഭിച്ച് 32 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജായാണ് പ്രവർത്തനം ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനാവശ്യമായ കൈപുസ്തകം, സ്റ്റിക്കർ, പ്രവർത്തന പുസ്തകം എന്നിവ നഗരസഭ വിതരണം ചെയ്തു. വടകര
ഡയറ്റ്, ബിആർസി, കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് എന്നിവരുടെ അക്കാദമിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധുപ്രേമൻ, കെ.സി.പവിത്രൻ എന്നിവർ സംസാരിച്ചു. പി.കെ.അനിൽ കുമാർ സ്വാഗതവും, ജിതിൻ റാം നന്ദിയും പറഞ്ഞു.