വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് വിലകുറഞ്ഞ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ വടകരയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം പറഞ്ഞല്ല ഇടതുപക്ഷം വോട്ട് പിടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയം പറയുന്നതിന് പകരം സ്ഥാനാര്‍ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കകുയാണ് യുഡിഎഫ ്ചെയ്തത്. ലീഗിലെ ചില നേതാക്കളെ വര്‍ഗീയ കോമരമാക്കി വടകരയിലെ ഇടതുസ്ഥാനാര്‍ത്ഥിയെ അവഹേളിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. മഹത്തായ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പ്രസ്ഥാനം ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്. ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ കെ.കെ.ശൈലജയെ ആക്രമിച്ചു. സമൂഹ മാധ്യമങ്ങളില്‍ അവഹേളിച്ചു. ഇതും പോരാതെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. ഇതാണ് കോണ്‍ഗ്രസ് ചെയ്തത്. കേരളം കണ്ട മികച്ച മന്ത്രിയായിരുന്നു കെ.കെ.ശൈലജ. കോവിഡ് കാലത്ത് ഉള്‍പ്പെടെ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ലോകം അംഗീകരിച്ച ആള്. അങ്ങനെ ഒരു വ്യക്തിയെ അല്ലേ കോണ്‍ഗ്രസ് ഈ രീതിയില്‍ അവഹേളിച്ചത്? ഇത് ജനങ്ങള്‍ പൊറുക്കുമോ?-എളമരം കരീം ചോദിച്ചു.
ആര്‍എസ്എസ് അടുത്ത വര്‍ഷം നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാധ്യമങ്ങളെ ബിജെപി വിലക്കെടുത്തു. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടക്കുന്നു. വര്‍ഗീയ പാര്‍ട്ടിയായ ബിജെപിയെ തുരത്താനുള്ള പ്രവര്‍ത്തനമായിരുന്നു കോണ്‍ഗ്രസ് നടത്തേണ്ടിയിരുന്നത്. ഇതാണോ അവര്‍ വടകരയില്‍ ഉള്‍പ്പെടെ ചെയ്തതെന്ന് എളമരം കരീം ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചവരാണ് വടകരയില്‍ നികൃഷ്ടമായ ഭാഷയില്‍ കെ.കെ.ശൈലജയെ അവഹേളിച്ചത്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ വൃത്തികേട് ജനങ്ങളോട് പറയണമെന്നും അല്ലാതെ പ്രകോപനം സൃഷ്ടിക്കുകയല്ല വേണ്ടതെന്നും എളമരം കരീം പറഞ്ഞു.
വര്‍ഗീയതക്കെതിരെ താക്കീതായി പ്രകടനം
നാടിനെ വര്‍ഗീയവല്‍ക്കരിക്കാനും ജനങ്ങളുടെ ഐക്യം തകര്‍ക്കാനും ആരെയും അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ജനകീയ കൂട്ടായ്മക്കു മുന്നോടിയായി വടകരയില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രകടനം നടന്നു. വടകരയുടെ മതേതര മനസ്സിനെ മുറിവേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരായ താക്കീതായി നൂറുകണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അണിനിരന്ന റാലി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച് കോട്ടപ്പറമ്പില്‍ സമാപിച്ചു. എളമരം കരീം ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തില്‍ എം കെ ഭാസ്കരന് അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്, പി ഗവാസ്, സി ഭാസ്കരന്, കെ കെ ദിനേശന്, കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, കെ പി ബിന്ദു, മനയത്ത് ചന്ദ്രന്, പി സുരേഷ് ബാബു, കെ കെ ലതിക, ഒ രാജന്, കെ കെ അബ്ദുള്ള, യു ബാബു ഗോപിനാഥ്, സമദ് നരിപ്പറ്റ, എന്‍ കെ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. ടി പി ബിനീഷ് സ്വാഗതം പറഞ്ഞു.