തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്കി.
തിങ്കളാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. തമിഴ്നാടിനും തെലങ്കാനയിലെ റായലസീമയ്ക്കും സമീപമുള്ള ചക്രവാതച്ചുഴിയും തെക്കന്‍ ഛത്തീസ്ഗഡ് മുതല്‍ കോമറിന് മേഖല വരെയുള്ള ന്യൂനമര്‍ദപ്പാത്തിയും ശക്തിപ്രാപിച്ചതാണ് കേരളത്തില്‍ മഴ ലഭിക്കാന്‍ കാരണം. മിന്നല്‍ പ്രളയത്തിനും ഉരുള്‍പ്പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ കനത്ത മഴയാകും ലഭിക്കുക. വെള്ളച്ചാട്ടങ്ങളിലും നദികളിലും ഇറങ്ങുന്നതില്‍ കരുതല്‍ വേണം. ഇന്നലെ കുറ്റാലത്ത് മിന്നല്‍ പ്രളയത്തില്‍ തമിഴ്നാട് തിരുനല്‍വേലി സ്വദേശി അശ്വിന് 16 മരിച്ചു. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലെ മലയോര മേഖലകളില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. ഉരുള്‍പൊട്ടി പെട്ടെന്ന് നദികളില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ട്. കടലാക്രമണ
സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.