വില്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കൊലന്റെ വാതുക്കല് സനിലയുടെ വീട്ടിലെ ഉപയോഗശൂന്യമായ കിണറില്‍ എട്ടുമാസമായി അകപ്പെട്ട പൂച്ച ഒടുവില്‍ പുറംലോകത്തെത്തി. വടകര ഫയര്‍ ആന്‍ഡ് റെസ്ക്യൂ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ വിജേഷും ഫൈസലുമാണ് രക്ഷകരായത്.
വെള്ളമില്ലാത്ത 27 കോല് താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട പൂച്ചയെ നാട്ടുകാരും മറ്റും പലവിധ ശ്രമങ്ങള്‍ നടത്തിയിട്ടും പുറത്തെത്തിക്കാന്‍ സാധിച്ചിരുന്നില്ല. പൂച്ചയ്ക്ക് ജീവന് നിലനിര്‍ത്താന്‍ വേണ്ട ഭക്ഷണങ്ങള്‍ ദിനംപ്രതി കിണറിലേക്ക് ഗൃഹനാഥ ഇട്ടുകൊടുക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പൂച്ചയ്ക്ക് ശാരീരികമായ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒടുവിലാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സിവില്‍ ഡിഫന്‍സിന്റെ സഹായം തേടുന്നത്. ഡിഫന്‍സ് അംഗങ്ങളായ വിജേഷും ഫൈസലും ശ്രദ്ധയോടെ ദൗത്യം പൂര്‍ത്തിയാക്കി പൂച്ചയെ പുറത്തെത്തിച്ചു. ഒരു മിണ്ടാപ്രാണിയെ കരക്കെത്തിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് വീട്ടുകാരും ഡിഫന്‍സ് ടീം അംഗങ്ങളും.
ഒരു മാസത്തോളം കിണറ്റില്‍ അകപ്പെട്ട നായയെ രക്ഷിച്ചതാണ് ഏറ്റവും കൂടുതല്‍ സമയമെടുത്ത രക്ഷാപ്രവര്‍ത്തനമെന്ന് വിജേഷും ഫൈസലും പറഞ്ഞു. ഇത്തരം ജീവികളെ രക്ഷിക്കാന്‍ കഴിയുന്നതതില് സന്തോഷം ഉണ്ടെന്നും ഇവര്‍ പറഞ്ഞു. വീട്ടുകാരനായ അശ്വന്ത്, നാട്ടുകാരായ സജിന്‍, അതുല്‍ ബാബു, അര്ജുന്, സച്ചിന് എന്നിവരും സഹായത്തിന് ഒപ്പമുണ്ടായിരുന്നു.