നാദാപുരം: മുടവന്തേരിയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തില്‍ 16 പേര്‍ക്കെതിരെ കേസെടുത്ത് നാദാപുരം പോലീസ്. സ്ഫോടക വസ്തുക്കള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. പടക്കം പൊട്ടിക്കുമ്പോള്‍ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. മടുവന്തേരി കണ്ടിയന്റവിടപാറ എന്ന സ്ഥലത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാകുമെന്ന അറിവോടെ ജീപ്പില്‍ പടക്കങ്ങള്‍ കൊണ്ടുവന്ന് ജീപ്പിനടുത്ത് വെച്ച് പൊട്ടിച്ചതില്‍ തീപ്പൊരി ജീപ്പിലേക്ക് തെറിച്ച് ജീപ്പിലുണ്ടായിരുന്ന പടക്കങ്ങള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുകയും പ്രതികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മുഹമ്മദ് ആഷിഖ്, സജീര്‍, ഫവാസ്, ആഷിഖ്, അജിനാസ് നൗഫല്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന പത്തു പേര്‍ക്കുമെതിരെയാണ് കേസ്.
സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. സ്വമേധയ ആണ് നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.