പേരാമ്പ്ര: മുഹമ്മദ് ഫസലിന് ഇത് സ്വപ്ന നേട്ടമാണ്. ഡിഗ്രി പഠിക്കവേ അടുത്തത് ഇനി എന്ത് എന്ന് അവന് തീര്‍ച്ചയുണ്ടായിരുന്നില്ല. അപ്പോഴാണ് പേരാമ്പ്രയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കരിയര്‍ ഡവലപ്പ്മെന്റ് സെന്റര്‍ (സിഡിസി) നടത്തുന്ന ധനുസ്സ് എന്ന കരിയര്‍ പരിശീലന പദ്ധതിയെക്കുറിച്ച് കേള്‍ക്കുന്നത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം നീളുന്ന പരിശീലന പദ്ധതിയായ ധനുസ്സിന്റെ സഹായത്തോടെ മുഹമ്മദ് ഫസല്‍ പിജിയ്ക്ക് പ്രവേശനം നേടിയത് ജെഎന്‍യുവിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ എം.എ അപ്ലൈഡ് ഇക്കണോമിക്സിന്.
ഇങ്ങനെ കോഴിക്കോട്ടെ ഗ്രാമീണ മേഖലകളിലുള്ള ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്കാണ് സിഡിസി വഴികാട്ടി ആയത്.
ഇതുവരെ 13,000 ത്തില്‍ അധികം വിദ്യാര്‍ഥികള്‍ 2017 ല്‍ സ്ഥാപിക്കപ്പെട്ട സിഡിസിയുടെ സേവനം ഉപയോഗപ്പെടുത്തി. ഇതില്‍ 7746 പേര് പെണ്‍കുട്ടികളാണ്. 10,000 ത്തില്പരം പേര് മികവിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, എന്‍ഐടി, ഐസര്‍, ഇഫ്ലൂ, ഐസിഎആര്‍, ജെഎന്‍യു, ടിസ്സ് പോലുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയതും സിഡിസി തെളിച്ച വഴിയിലൂടെ സഞ്ചരിച്ചാണ്.
സിഡിസിയുടെ മത്സര പരീക്ഷാപരിശീലന പരിപാടികളില്‍ 800 ല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തതില്‍ 364 പേര് പിഎസ്സി പരീക്ഷ എഴുതി സര്‍ക്കാര്‍ മേഖലയില്‍ ജോലി നേടി. 217 പേര് വിവിധ റാങ്ക് ലിസ്റ്റിലും ഇടം പിടിച്ചു.
‘ഓരോ വ്യക്തിക്കും ഓരോ തരത്തിലുള്ള കഴിവുകളുണ്ട്. അത് കണ്ടെത്താന്‍ സഹായിക്കുകയും പിന്തുണ ലഭിക്കുകയും ചെയ്താല്‍ അവര്‍ക്ക് സ്വയം പര്യാപ്തരാകാനും ജീവിതത്തില്‍ മുന്നോട്ട് പോകാനും സാധിക്കും. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആ വഴി വെട്ടലാണ് ഞങ്ങള്‍ ചെയ്യുന്നത്, ‘ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറും സിഡിസി മാനേജറുമായ സി.കെ.സജിഷ് പറയുന്നു.
വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, സ്കോളര്‍ഷിപ്പുകള്‍, മത്സര പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങി വിദ്യാഭ്യാസം, തൊഴില്‍ സംബന്ധമായ എല്ലാ വിവരങ്ങളും പ്രായഭേദമന്യേ എല്ലാര്ക്കും ലഭ്യമാണ് എന്നതാണ് സ്ഥാപനത്തിന്റെ സവിശേഷത.
വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതുമായ കരിയര്‍ കൗണ്‍സിലിങ്, സൈക്കോമേട്രിക് ടെസ്റ്റുകള്‍, പ്രീ- ഇന്റര്‍വ്യൂ ഡിസ്കഷന്, റെസ്യുമെ തയാറാക്കല്‍, മോക് – ഇന്റര്‍വ്യൂ, ഇംഗ്ലീഷ് ഭാഷ പരിശീലന പരിപാടികള്‍ എന്നിവ നല്കുന്നു. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്കായുള്ള പ്രത്യേക പരിശീലനവും കൂടാതെ പിഎസ്സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും നല്കിവരുന്നു. എല്ലാ സേവനങ്ങളും സൗജന്യമാണ്.
കോഴിക്കോട് ജില്ലയിലെ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി അവര്‍ക്ക് ഉന്നത സ്ഥാപനങ്ങളില്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടികൊടുക്കുന്ന പദ്ധതിയായ ധനുസ്സ് 2018 ലാണ് തുടങ്ങിയത്. ആദ്യ ബാച്ചിലെ 200 വിദ്യാര്‍ഥികളില്‍ 139 പേര്‍ക്കും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവേശനം ലഭിച്ചു. കോഴിക്കോട് ഗവ. ആര്‍ട്സ് & സയന്‍സ് കോളേജുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഫോക്കസ്’ പദ്ധതി, കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തൊഴില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിങ്ങ്സ് പദ്ധതി എന്നിവയും നടത്തിവരുന്നു. പരിചയസമ്പന്നരായ അധ്യാപകരും വിശാലമായ ലൈബ്രറിയും പേരാമ്പ്ര സിഡിഎസിന്റെ പ്രത്യേകതയാണ്.
പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന് സംസ്ഥാന തൊഴില്‍ മന്ത്രിയായ വേളയിലാണ് അദ്ദേഹം മുന്‍കൈയെടുത്തു 2017 ഫെബ്രുവരി 4ന് നാഷണല്‍ എംപ്ലോയ്മെന്റ് വകുപ്പിന്റെ കീഴില്‍ സിഡിസി സ്ഥാപിക്കുന്നത്.