വടകര: അമിത ഭക്ഷണവും മദ്യപാനവും ഫാസ്റ്റ് ഫുഡും ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍, ഫാറ്റി ലിവര്‍ തുടങ്ങിയ കരള്‍ രോഗങ്ങള്‍ക്ക് കാരണമാവുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൃത്യമായ വ്യായാമവും ഹെപ്പറ്റൈസിസ് ബി ക്ക് എതിരായ വാക്സിനേഷനും കരള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇല്ലെങ്കില്‍ സ്ഥിതി പരിതാപകരമാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോക ലിവര്‍ ദിനത്തോടാനുബന്ധിച്ചു ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ വടകരയിലെ ഡീലറായ ദീപ്തി ഗ്യാസ് ഏജന്‍സി, വടകര റോട്ടറിയുടെയും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും സഹകരണത്തോടെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിലാണ് വിദഗ്ധരുടെ ഈ അഭിപ്രായം.
റോട്ടറി ഡിസ്ട്രിക്ട് പാലിയേറ്റീവ് കെയര്‍ ചെയര്മാന് ഡോ. കെ.എം.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ദീപ്തി ഗ്യാസ് ഡീലര്‍ എം.ടി.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടിസ്ഥാന ജീവന് രക്ഷാ പരിശീലനത്തിന്റെ ആവശ്യകതയെ അധികരിച്ചു റോട്ടറി കമ്യൂണിറ്റി സര്‍വീസ് ചെയര്മാന് പി.പി.രാജന് ക്ലാസെടുത്തു. ദീപ്തി ഗ്യാസ് ഏജന്‍സി മാനേജര്‍ എ.രാമകൃഷ്ണന്, പി.അനീഷ് എന്നിവര്‍ പ്രസംഗിച്ചു.