വടകര: കാറിടിച്ചതിനെ തുടര്‍ന്ന് ലോറിക്കടിയില്‍പെട്ട് ഇരിങ്ങല്‍ സ്വദേശിയായ ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ മാസങ്ങള്‍ക്കു ശേഷം കസ്റ്റഡിയില്‍. വടകര പോലീസ് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് ഇടിച്ച വാഹനം കണ്ടെത്തിയത്.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്നുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട സിയാസ് കാറാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.
ഇരിങ്ങല്‍ സ്വദേശി കോട്ടക്കുന്നുമ്മലിലെ ബബിലേഷാണ് 2023 ഡിസംബര്‍ 19 ന് വടകര ആശ ഹോസ്പിറ്റലിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. മുക്കാളിയില്‍ നിന്ന് വടകരക്ക് വരികയായിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയും ബബിലേഷ് തെറിച്ച് ലോറിക്കടിയിലേക്ക് വീണ് മരിക്കുകയുമായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ ഓടിച്ച് പോയെന്ന് പിന്നാലെയുള്ള സ്വകാര്യ ബസ് ഡ്രൈവര്‍ കണ്ടിരുന്നു. ഇക്കാര്യം ബസ് ഡ്രൈവര്‍ പോലീസില്‍ മൊഴി നല്കുകയുണ്ടായി. ഇതേ തുടര്‍ന്ന് വടകര പോലീസ് നടത്തിയ അന്വേഷണമാണ് യഥാര്‍ഥ വാഹനം കണ്ടെത്താന്‍ വഴിയൊരുക്കിയത്.
കൊയിലാണ്ടി മുതല്‍ മാഹി വരെയുള്ള അമ്പതിലധികം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് കാറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കാറിന്റെ നമ്പറില്‍ നിന്ന് പോലീസ് സംഘം കാറുടമ മൊയ്നുദ്ദീനെ ബന്ധപ്പെട്ടപ്പോള്‍ ബന്ധുവിന്റെ സുഹൃത്തിന് വിവാഹ ആവശ്യാര്‍ത്ഥം നല്‍കിയിരുന്നെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സുഹൃത്ത് ദിനേശ് കൊല്ലപ്പള്ളിയുമായി പോലിസ് ബന്ധപ്പെട്ടപ്പോള്‍ അപകട കാര്യം നിഷേധിക്കുകയായിരുന്നു. സംഭവദിവസം ഇതുവഴി യാത്ര പോയിരുന്നെന്നും എന്നാല്‍ അപകടം ഉണ്ടായിട്ടില്ലെന്നുമാണ് ഇയാളുടെ നിലപാട്. പിന്നീട് കാറിന്റെ പെയിന്റ് സാമ്പിളും ബൈക്കിലെ കാറിടിച്ച ഭാഗത്തെ പെയിന്റ് സാമ്പിളും ശാസ്ത്രീയ പരിശോധനക്ക് അയച്ചതോടെയാണ് അപകടം വരുത്തിയത് ഈ കാര്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നത്. രണ്ട് പെയിന്റ് സാമ്പിളും ഒന്നാണെന്ന് വ്യക്തമായതോടെ കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാര്‍ ഓടിച്ച ദിനേശിനെ പ്രതിയാക്കിയതായി വടകര പോലീസ് അറിയിച്ചു.