കല്‍പ്പറ്റ: നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നമാണ് പൗരത്വനിയമ ഭേദഗതി നിയമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ആശങ്കയിലാക്കുന്ന നിയമമാണ് കൊണ്ടുവന്നത്. ഇതിന് സര്‍ക്കാര്‍ പറഞ്ഞ ന്യായങ്ങള്‍ ആര്‍ക്കും ബോധ്യമായില്ല. പച്ചയായി ഭരണഘടന പിച്ചിചീന്തലാണ് സിഎഎ എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമ ഭേദഗതി വന്നപ്പോള്‍ അരുത് എന്ന് ആദ്യം പറഞ്ഞത് കേരളമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
വയനാട്ടില്‍ ആനി രാജയുടെ പ്രചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. സഖാവ് ആനി രാജയെ ഇതിനകം തന്നെ വയനാട് മണ്ഡലം സ്വീകരിച്ചു കഴിഞ്ഞുവെന്ന് പിണറായി പറഞ്ഞു. പാര്‍ലമെന്റില്‍ നമ്മുടെ ശബ്ദം ഉയരുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം ആ രൂപത്തില്‍ ശബ്ദമുയര്ന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ 20 എംപിമാരില്‍ 18 പേരും യുഡിഎഫ് ആയപ്പോള്‍ വേണ്ടതുപോലെ ശബ്ദം ഉയര്‍ന്നില്ല. കേരളത്തിന്റെ ശബ്ദം എല്ലാവരും ശ്രദ്ധിക്കാറുണ്ടെന്നും പക്ഷെ കഴിഞ്ഞ തവണ ശബ്ദം വളരെ നേര്‍ത്തതായി പോയെന്നും ബിജെപി ഭരണം ഇനിയും തുടര്‍ന്നാല്‍ വലിയ ആഘാതം സൃഷ്ടിക്കും-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.