വില്യാപ്പള്ളി: നബാഡ് വടകര കോക്കനട്ട് കമ്പനിയുടെ നേതൃത്വത്തില്‍ വില്യാപ്പള്ളിയില്‍ നടത്തുന്ന ഗ്രാമീണ വിപണന മേളക്ക് തിരക്ക് കൂടുന്നു. നീര, വെളിച്ചെണ്ണ, തെങ്ങിന് ചക്കര, മറയൂര്‍ ശര്‍ക്കര, സുഗന്ധ ദ്രവ്യങ്ങള്‍, ജൈവ കൊതുക് തിരി, ഏലം, കാപ്പി, വിവിധ ഇനം സ്ക്വാഷ്, കൈത്തറി വസ്ത്രങ്ങള്‍, ഇളനീര് ഐസ്ക്രീം, പള്‍പ്പ്, ചക്ക ഉല്പന്നങ്ങള്, സ്വാദിഷ്ടമായ വിവിധ ഉല്പന്നങ്ങള് വില്‍ക്കുന്ന ഫുഡ് കോര്‍ട്ട്, പ്ലാസ്റ്റിക് ബദല്‍ ഉല്പന്നങ്ങള്, വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, വളങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കറിപൗഡര്‍, അച്ചാര്‍, മധുര പലഹാരങ്ങള്‍, ചോളപൊരി, തേന്‍ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. ധാരാളം പേര് കുടുംബസമേതവും അല്ലാതെയും ഇവിടെ എത്തി സാധനങ്ങള്‍ വാങ്ങുന്നു.
100 രൂപയില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയാല്‍ ലഭിക്കുന്ന സമ്മാനക്കൂപ്പണുകളില്‍ നിന്ന് ജേതാവിനെ കണ്ടെത്തി. ഇന്നലെ മാത്രം ലഭിച്ച 996 കൂപ്പണുകളില്‍ നിന്ന് മൂന്നാം വാര്‍ഡ് മെമ്പര്‍ മുരളി നറുക്കെടുത്തു. ഒന്നാം വാര്‍ഡിലെ സച്ചു ആണ് വിജയി. സച്ചുവിന്റെ അമ്മക്ക് കോക്കനട്ട് കമ്പനി ചെയര്മാന് ഇ. ശരീന്ദ്രന്‍, വൈ.ചെയര്മാന് സദാനന്ദന് കൊക്കഞ്ഞാത്ത്, ഡയരക്ടര്‍ ടി.ബാലന്, കുടുംബശ്രി ചെയര്‍പേര്‍സണ്‍. കെ.സവിത എന്നിവരുടെ സാന്നിധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ മുരളി സമ്മാനം കൈമാറി.
വടകര കോക്കനട്ട് കമ്പനി പോലുള്ള സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള ഒമ്പത് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, വില്യാപ്പള്ളിയിലെ 13 കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകള്‍ എന്നിവ മേളയിലുണ്ട്. മേള 19 ഞായറാഴ്ച വരെ തുടരും.